Posted: 08 Sep 2014 11:31 PM PDT
ബംഗാളി ബാബുവും ബാബുറാം ചാറ്റര്‍ജിയും സഹോദരന്മാരെ പോലെ ഒരേ വീട്ടില്‍ ജീവിക്കുന്നവരാണ്. ബംഗാളില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളെ ജോലിയ്ക്ക് നല്‍ക്കുന്നതാണ് ഇരുവരുടെയും പ്രധാന ജോലി. മലയാളിയായ ബാബുവിന്റെയും ബംഗാളിയായ ബാബുറാമിന്റെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ബംഗാളി ബാബുവായി കുഞ്ചാക്കോ ബോബനും, ബാബുറാമായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, ഷമ്മി തിലകന്‍, ജേകബ് ഗ്രിഗറി, സുധീര്‍, മകരന്ദ് ദേശ്പാണ്ടേ, നിഷ അഗര്‍വാള്‍, വിനുത ലാല്‍, തെസ്നി ഖാന്‍, അംബിക മോഹന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ഭയ്യാ ഭയ്യാ. ലൈസമ്മ പോട്ടൂര്‍ ആണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ബെന്നി പി.നായരമ്പലം കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്ന ഈ സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ചായാഗ്രഹണം. വിദ്യാസാഗര്‍ ഈണമിട്ട 2 പാട്ടുകളാണ് ഈ സിനിമയിലുള്ളത്. രഞ്ജന്‍ അബ്രഹാമാണ് ചിത്രസന്നിവേശം.
കഥ, തിരക്കഥ: ബിലോ ആവറേജ്
സഹോദരന്മാരെ പോലെ കഴിയുന്ന രണ്ടു ഭയ്യാമാരുടെ കേരളത്തില്‍ നിന്നും ബംഗാളിലേക്കുള്ള യാത്രയിലൂടെയാണ് കഥയുടെ തുടക്കം. ഇരുവരും പോകുന്ന യാത്രയില്‍ അവരുടെ കാമുകിമാരും, ഒരു സുഹൃത്തും, ഒരു ശവശരീരവും കൂടെയുണ്ട്. എന്തിനാണ് അവര്‍ ബംഗാളിലേക്ക് പോകുന്നത്? ഇത്രയും കേള്‍ക്കുമ്പോള്‍ ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് അറിയുവാന്‍ ഒരു സാധാരണ പ്രേക്ഷകന് തോന്നുകയും ഈ സിനിമ കാണുവാന്‍ പ്രേരണയാകും ചെയ്യും. ഇത്രയും മാത്രമേ ഒരുപക്ഷെ കുഞ്ചാക്കോ ബോബനോടും ബിജു മേനോനോടും നിര്‍മ്മാതാക്കളോടും ജോണി ആന്റണിയും ബെന്നിയും പറഞ്ഞിട്ടുണ്ടാകുക. അതുകൊണ്ടായിരിക്കണം ഈ സിനിമയില്‍ അഭിനയിക്കാന്‍ പുതിയ ഹിറ്റ് ജോടികളും പണം മുടക്കാന്‍ ലൈസമ്മയും തയ്യറായിട്ടുണ്ടാവുക. ഇതുവരെ ഭയ്യാ ഭയ്യാ കാണാത്തവര്‍ക്ക് മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരല്പം അതിശയോക്തി തോന്നുന്നുണ്ടെങ്കിലും, സിനിമ കണ്ടവര്‍ക്ക് ഇത് തികച്ചും സത്യമാണെന്ന് മനസ്സിലാകും. നാളിതുവരെ ബെന്നി പി. നായരമ്പലം എഴുതിയതില്‍ ഏറ്റവും മോശം തിരക്കഥ ഈ സിനിമയുടെതാണെന്ന് നിസംശയം പറയാം. യുക്തിയെ ചോദ്യം ചെയ്യുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള നിലവാരമില്ലാത്ത തമാശകളും, അറുബോറന്‍ ക്ലൈമാക്സും സമന്വയിപ്പിച്ചതാണ് ഈ സിനിമയുടെ തിരക്കഥ. ചാന്തുപൊട്ടും, മേരിക്കൊണ്ടൊരു കുഞ്ഞാടും എഴുതിയത് ഇതേ ബെന്നി പി.നായരമ്പലം തന്നെയാണോ എന്നതാണ് പ്രേക്ഷകരുടെ പുതിയ സംശയം.
സംവിധാനം: ബിലോ ആവറേജ്
താപ്പാന എന്ന സിനിമയ്ക്ക് ശേഷം ഒരു വലിയ ഇടവേള കഴിഞ്ഞാണ് ഒരു ജോണി ആന്റണി സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ കഥ എന്താണെന്ന് സിനിമ കണ്ട ഒരൊറ്റ പ്രേക്ഷകന് പോലും മനസ്സിലായിട്ടുണ്ടാവില്ല. കാരണം, ഒരു കഥയും ഇല്ലാത്ത ഒരു സിനിമയാണ് ഭയ്യാ ഭയ്യാ. ശരാശരി നിലവാരം പോലും ഇല്ലാത്ത ഒരു തിരക്കഥ സിനിമയാക്കുവാന്‍ കാണിച്ച ധൈര്യം അപാരം തന്നെ. കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ താരമൂല്യം വിറ്റുകാശാക്കാന്‍ ശ്രമിച്ചതാണോ എന്നൊരു സംശയവും സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് തോന്നിയാല്‍ തെറ്റുപറയാനാകില്ല. സിനിമയുടെ ആദ്യ പകുതി മുതലേ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്ന അവതരണ രീതിയാണ് ഏറ്റവും മോശമായി തോന്നിയത്. അതിനു കൂട്ടായി യുക്തിയെ ചോദ്യം ചെയ്യുന്ന കുറെ രംഗങ്ങളും. ആംബുലന്‍സ് മറഞ്ഞു ഒരൊറ്റ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപെടുന്ന രംഗങ്ങളൊക്കെ ജോണി ആന്റണിയെ പോലെ പരിച്ചയസമ്പത്തുള്ള ഒരു സംവിധായകനില്‍ നിന്നും പ്രതീഷിക്കുന്നില്ല. കഥാവസാനം മാവോയിസ്റ്റ് തീവ്രവാദികളെ കോമാളികളാക്കി ചിത്രീകരിച്ചു, കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലൈമാക്സ് എന്ന ലേബലില്‍ തടിതപ്പിയാല്‍ പ്രേക്ഷകര്‍ ക്ഷമിക്കുമെന്ന് കരുതിയെങ്കില്‍ ജോണി ആന്റണിയ്ക്ക് തെറ്റിപോയി. 2014 ഓണക്കാലത്തെ ഏറ്റവും മോശം സിനിമ എന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മുന്നേറുവാന്‍ ഭയ്യാ ഭയ്യായ്ക്ക് സാധിച്ചതില്‍ ജോണി ആന്റണിയ്ക്കും ബെന്നിയ്ക്കും അഭിമാനിക്കാം!
സാങ്കേതികം: എബവ് ആവറേജ്
2 മണിക്കൂര്‍ നേരം ഭയ്യാ ഭയ്യാ പ്രേക്ഷകര്‍ കണ്ടിരിക്കാനുള്ള പ്രധാന കാരണം വിനോദ് ഇല്ലംപിള്ളിയുടെ ചായാഗ്രഹണം തന്നെ. പുതുമകള്‍ ഒന്നും അവകാശപെടാനില്ലാത്ത ഫ്രെയിമുകള്‍ ആയിരുന്നെങ്കിലും, കണ്ടുമടുത്ത ലോക്കെഷനുകള്‍ ആയിരുന്നെങ്കിലും, സിനിമയുടെ കഥയ്ക്ക് അനിയോജ്യമായ ചായാഗ്രഹണം നിര്‍വഹിക്കാന്‍ വിനോദിന് സാധിച്ചു. അതുപോലെ, രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയ്ക്ക് ഗുണം ചെയ്തു. വെയില്‍ പോയാല്‍ വെണ്ണിലവില്ലേ...എന്ന വിദ്യാസാഗര്‍ ഈണമിട്ട പാട്ടാണ് ഈ ഓണകാലത്തെ സിനിമകളെ ഏറ്റവും മികച്ചത്.
അഭിനയം: ആവറേജ്
ബാബുറാം എന്ന ബംഗാളിയായി മലയാള ഉച്ചാരണം തെറ്റിച്ചു പറയുന്ന രസകരമായ കഥാപാത്രമാണ് ബിജു മേനോന്‍ അവതരിപ്പിച്ചിരിക്കുന്നത്. തനതായ ശൈലിയില്‍ തന്നെ ബിജു മേനോന്‍ ബാബുറാമിനെ അവതരിപ്പിച്ചു. ബാബുമോനായി കുഞ്ചാക്കോ ബോബനും തന്റെ വേഷം ഭംഗിയായി ചെയ്തു. സുരാജും സലിംകുമാറും ഇന്നസെന്റും ഗ്രിഗറിയും തെസ്നി ഖാനും ഷമ്മി തിലകനും കോമഡി വേഷങ്ങളില്‍ തിളങ്ങി. വിജയരാഘവനും സുധീറും തരക്കേടില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന്റെ അനിയത്തി നിഷ അഗര്‍വാള്‍ ആണ് ഈ സിനിമയിലെ നായികമാരില്‍ ഒരാള്‍. പറങ്കിമല എന്ന സിനിമയിലെ നായികയായി അഭിനയിച്ച വിനുത ലാലാണ് ബിജു മേനോന്റെ നായികയായി അഭിനയിച്ചത്.
സിനിമയില്‍ ഇഷ്ടപെട്ടവ:
1. ചായാഗ്രഹണം
2. ബിജു മേനോന്‍
3. പാട്ടുകള്‍
സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥ, കഥാസന്ദര്‍ഭങ്ങള്‍
2. സംവിധാനം
3. ദ്വയാര്‍ഥ പ്രയോഗങ്ങള്‍
4. ക്ലൈമാക്സ്
ഭയ്യാ ഭയ്യാ റിവ്യൂ: യുക്തിയെ ചോദ്യം ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളും, ദ്വയാര്‍ഥ പ്രയോഗങ്ങളുള്ള തമാശകളും, ബോറടിപ്പിക്കുന്ന അവതരണരീതിയും കണ്ടിരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ഭയ്യമാരെ കാണാം!
ഭയ്യാ ഭയ്യാ റേറ്റിംഗ്: 3.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 11.5/30 [3.8/10]
സംവിധാനം: ജോണി ആന്റണി
രചന: ബെന്നി പി.നായരമ്പലം
നിര്‍മ്മാണം: ലൈസമ്മ പോട്ടൂര്‍
ബാനര്‍: നോബല്‍ ആന്ദ്രെ പ്രൊഡക്ഷന്‍സ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
സംഗീതം: വിദ്യാസാഗര്‍
ഗാനരചന: ശരത് വയലാര്‍, സന്തോഷ് വര്‍മ്മ, മുരുകന്‍ കാട്ടാക്കട
കലാസംവിധാനം: മോഹന്‍ദാസ്
വിതരണം: നോബല്‍ ആന്ദ്രെ റിലീസ്
|
No comments:
Post a Comment