RAJ is here,NVR fear,mail(defenitely MALE): MBL:984777799_

10.9.14

RajadhiRaja


മലയാള സിനിമ നിരൂപണം

Posted: 08 Sep 2014 01:59 AM PDT
മലയാള സിനിമയുടെ താരരാജാവ് മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ രാജാ വേഷമാണ് പുതുമുഖം അജയ് വാസുദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രാജാധിരാജ. രാജമാണിക്യവും, പോക്കിരിരാജയും നെഞ്ചിലേറ്റിയ ആരാധകര്‍ക്ക് ഓണം ഒരു ആഘോഷമാക്കുവാനുള്ള എല്ലാ ചേരുവകളും കൃത്യമായ അളവില്‍ ചേര്‍ത്താണ് ഉദയകൃഷ്ണ-സിബി കെ.തോമസ്‌ ടീം രാജാധിരാജയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫേസ് ടു ഫേസ് എന്ന സിനിമയ്ക്ക് ശേഷം ഗുഡ് ലൈന്‍ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നാസറും സ്റ്റാന്‍ലിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന രാജാധിരാജായില്‍ ഒരു നീണ്ട താരനിര അണിനിരക്കുന്നു. ഷാജി ചായാഗ്രഹണവും, മഹേഷ്‌ നാരായണന്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും, സ്റ്റണ്ട് ശിവ സംഘട്ടനവും നിര്‍വഹിച്ചിരിക്കുന്നു. 

പാലക്കാട്‌ - കോയമ്പത്തൂര്‍ റോഡില്‍ പെട്രോള്‍ പമ്പും അതിനടുത്തുള്ള ഹോട്ടലും നടത്തി കുടുംബത്തോടൊപ്പം സമാധാനപരമായ ജീവിതം നയിക്കുന്ന സാധുവായ വ്യക്തിയാണ് ശേഖരന്‍ കുട്ടി(മമ്മൂട്ടി). അയാളുടെ ജീവിതത്തില്‍ അയാള്‍ പോലും മറക്കാനാഗ്രഹിക്കുന്ന ഒരു ഭൂതകാലമുണ്ട്. ആ കാലഘട്ടത്തിലെ അയാളുടെ ജീവിതം പില്‍കാലത്തുള്ള ജീവിതത്തിലേക്ക് കുറെ പ്രശ്നങ്ങള്‍ സമ്മാനിക്കുകയും, അതില്‍ നിന്നും അയാളുടെ കുടുംബത്തെ രക്ഷിക്കുവാന്‍ വേണ്ടി ശേഖരന്‍കുട്ടി നടത്തുന്ന ചെറുത്തുനില്‍പ്പുകളുമാണ് രാജാധിരാജയുടെ കഥ.  

കഥ, തിരക്കഥ: ബിലോ ആവറേജ്
കാലാകാലങ്ങളായി ഡോണ്‍ സിനിമകളില്‍ കണ്ടുവരുന്ന ഒരു കഥ, പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍, കഥാപശ്ചാത്തലങ്ങള്‍, സംഭാഷണങ്ങള്‍ എന്നീ വിഭവങ്ങളോടുകൂടി ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് എഴുതിയ തിരക്കഥ. സാധുവായ നായകന്‍, അയാളുടെ കുറെ ശിങ്കിടികള്‍, ഉത്തമയായ ഭാര്യ, നായകന്റെ വേഷപകര്‍ച്ച, അന്യസംസ്ഥാന വില്ലന്മാര്‍ അങ്ങനെ എല്ലാ ആക്ഷന്‍ സിനിമകളിലും കണ്ടിട്ടുള്ള അതെ രീതിയിലാണ് ഈ സിനിമയുടെയും കഥയുടെ സഞ്ചാരം. മറ്റു സിനിമകളില്‍ നിന്നും ഒരല്പം വ്യതസ്തമായി തോന്നിയത് അയപ്പന്‍ എന്ന അളിയന്റെ കഥാപാത്രം മാത്രമാണ്. ആദ്യ പകുതിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുവാന്‍ അയപ്പന്റെ തമാശകള്‍ക്ക് സാധിച്ചു. പിന്നീടുള്ള രംഗങ്ങളെല്ലാം തന്നെ നൂറു ആവര്‍ത്തി കണ്ടത് തന്നെ. തിരക്കഥ ഒരല്പം ഭേദമായത് രണ്ടാം പകുതിയിലാണ്. നായകന്റെ ഭൂതകാലം ഭാര്യയും വീട്ടുകാരും അറിയാതെ അയാള്‍ നടത്തുന്ന ചെറുത്തുനില്‍പ്പും, സുഹൃത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ നായകന്റെ ബുദ്ധിപരമായ നീക്കങ്ങളും, വിശ്വസനീയമായ ക്ലൈമാക്സും ഒക്കെ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. 

സംവിധാനം: എബവ് ആവറേജ്
ശരാശരി നിലവാരം പോലുമില്ലത്ത അവിശ്വസനീയമായ ഒരു കഥയെ തരക്കേടില്ലാത്ത ഒരു എന്റര്‍റ്റെയിനറാക്കി മാറ്റുവാന്‍ അജയ് വാസുദേവന് സാധിച്ചിട്ടുണ്ടെങ്കില്‍, അത് അയാളുടെ സംവിധാന മികവു തന്നെ. ഒരേ സമയം മമ്മൂട്ടിയുടെ ആരാധകരെയും, ആക്ഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും, ഓണകാലഘട്ടത്തില്‍ സിനിമ കാണുവാന്‍ വരുന്ന കുടുംബ പ്രേക്ഷകരെയും തൃപ്തിപെടുത്തുവാന്‍ സംവിധയകനായിട്ടുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അവതരണം, മികച്ച ലോക്കെഷന്‍സ്, ചായാഗ്രഹണം, പശ്ചാത്തല സംഗീതം, ക്ലൈമാക്സ് രംഗങ്ങള്‍ എന്നിവയെല്ലാം വിശ്വസനീയതയോടെ അവതരിപ്പിച്ചതുകൊണ്ടാണ് ഈ സിനിമ ശരാശരി നിലവാരം പുലര്‍ത്തിയത്‌. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരല്പം അതിമാനുഷികത തോന്നിയെങ്കിലും, പ്രേക്ഷകരെ മുഷിപ്പിക്കാതെ ചിത്രീകരിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. കുറേകൂടി കെട്ടുറപ്പുള്ള ഒരു തിരക്കഥ ലഭിച്ചിരുന്നുവെങ്കില്‍, മറ്റൊരു രാജമാണിക്യമാകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു രാജാധിരാജ. 

സാങ്കേതികം: എബവ് ആവറേജ്
ഒരു ആക്ഷന്‍ സിനിമയ്ക്ക് അനിവാര്യമായ ചടുലമായ ദ്രിശ്യങ്ങളും, കുടുംബ പശ്ചാത്തലത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ ലോക്കെഷനുകളും ഈ സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഷാജിയുടെ ചായാഗ്രഹണപാടവം വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് സംവിധായകന്‍ അജയ് വാസുദേവ്. ആദ്യപകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടു എങ്കിലും, മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശം സിനിമയുടെ മാറ്റുകൂട്ടുന്നതില്‍ സഹായിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ രാജ വേഷത്തിന് നല്‍ക്കിയ പശ്ചാത്തല സംഗീതം മികച്ചതായിട്ടുണ്ട്. അത് കൂടാതെ സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും രസകരമായിട്ടുണ്ട്. ഗോപി സുന്ദറിനു അഭിനന്ദനങ്ങള്‍! ഹരിനാരായണന്‍, പാ വിജയ്‌ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കാര്‍ത്തിക് രാജയും, ബേര്‍ണി ഇഗ്നേഷ്യസും ചേര്‍ന്നാണ്. 3 പാട്ടുകളുള്ള ഈ സിനിമയില്‍ ഒരെണ്ണം പോലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയില്ല. ബേര്‍ണി ഇഗ്നേഷ്യസിന്റെ ഈണത്തില്‍ കല്യാണ വീട്ടിലുള്ള പാട്ടുമാത്രമാണ് ഒരല്പം ഭേദമായി തോന്നിയത്. സ്റ്റണ്ട് ശിവയുടെ ആക്ഷന്‍ രംഗങ്ങളെല്ലാം അന്യഭാഷാ സിനിമകളെ ഓര്‍മ്മിപ്പിച്ചു. ഗിരീഷ്‌ മേനോന്റെ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപും സിനിമയോട് ചേര്‍ന്നുപോകുന്നവയായിരുന്നു.

അഭിനയം: ആവറേജ്
ഒരു അഭിനേതാവെന്ന നിലയില്‍ ഇതിലും മികച്ച രീതിയില്‍ ഇതേപോലുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. ആരാധകര്‍ക്ക് ഇഷ്ടമാകുന്ന രീതിയില്‍ ആക്ഷന്‍ രംഗങ്ങളില്‍ അനായാസം അഭിനയിക്കുവാന്‍ മമ്മൂട്ടിക്ക് സാധിച്ചു എന്നത് ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ്‌ ജോജു. ജോജുവിന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഈ സിനിമയിലെ അയ്യപ്പന്‍ എന്ന കഥാപാത്രം. വില്ലന്‍ വേഷത്തില്‍ ജോയ് മാത്യു നീതി പുലര്‍ത്തി. ശക്തിമാന്‍ സീരിയലിലൂടെ പ്രശസ്തനായ മുകേഷ് ഖന്ന ആദ്യമായി മലയാളത്തിലെത്തുന്ന സിനിമയാണ് രാജാധിരാജ. ചെറിയ വേഷമാണെങ്കിലും സുപ്രധാനമായൊരു വേഷമാണ് മുകേഷ് ഖന്നയ്ക്ക്. മമ്മൂട്ടി, മുകേഷ് ഖന്ന, സിദ്ദിക്ക്, ജോജു, ജോയ് മാത്യു, ബാബു നമ്പൂതിരി, നെല്‍സണ്‍, സിജോയ് വര്‍ഗീസ്‌, ഭീമന്‍ രഘു, കസാന്‍ ഖാന്‍, രാഹുല്‍ ദേവ്, നവാബ് ഷാ, ഷാജു, വിനോദ് കെടാമംഗലം, ജോര്‍ജ്, റായി ലക്ഷ്മി, ലെന, ടാനിയ സ്റ്റാന്‍ലി, സേതുലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും ഷംന കാസിമും അതിഥി വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. മമ്മൂട്ടി
2. സംവിധാനം
3. പശ്ചാത്തല സംഗീതം 
4. ക്ലൈമാക്സ് 
5. ജോജുവിന്റെ അയപ്പന്‍ എന്ന കഥാപാത്രം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും 
2. പ്രവചിക്കനാവുന്ന കഥാഗതി
3. പാട്ടുകള്‍ 
4. ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ 

രാജാധിരാജ റിവ്യൂ: മമ്മൂട്ടിയുടെ ആരാധകര്‍ക്കും ആക്ഷന്‍ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും അജയ് വാസുദേവനും കൂട്ടരും നല്‍ക്കുന്ന ഓണവിരുന്നാണ് രാജാധിരാജ! 

രാജാധിരാജ റേറ്റിംഗ്: 4.80/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍: 14.5/30 [4.8/10]

സംവിധാനം: അജയ് വാസുദേവ്
രചന: ഉദയകൃഷ്ണ-സിബി കെ.തോമസ്‌
നിര്‍മ്മാണം: എം.കെ.നാസ്സര്‍-സ്റാന്‍ലി സി.എസ്.
ബാനര്‍: ഗുഡ് ലൈന്‍ പ്രോഡക്ഷന്‍സ് 
ചായഗ്രഹണം: ഷാജി 
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍ 
ഗാനരചന: ഹരിനാരായണന്‍, പാ വിജയ്‌
സംഗീതം: കാര്‍ത്തിക് രാജാ, ബേര്‍ണി ഇഗ്നേഷ്യസ് 
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍ 
സംഘട്ടനം: സ്റ്റണ്ട് ശിവ 
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്‌ 
കലാസംവിധാനം: ഗിരീഷ്‌ മേനോന്‍ 
വിതരണം: ഗുഡ് ലൈന്‍ റിലീസ് 

No comments:

Post a Comment